Festivals and Events

മലയാളികളുടെ ദേശീയ ഉത്സവം ആണ് ഓണം. ഓണം വിളവെടുപ്പിന്റെ ഉത്സവം ആണ്. മഹാബലിയുടെ കേരള സന്ദർശനം ആണ് ഓണം എന്ന് ഒരു ഐതിഹ്യവും ഉണ്ട്. ചിങ്ങമാസത്തിലെ അത്തം നാളുമുതൽ പത്തുദിവസം വരെ ആണ് ഓണാഘോഷം. പത്താംദിവസം ആണ് പ്രധാന ദിവസമായ തിരുവോണം. 

ഓണത്തിനു പിന്നിലെ ഐതിഹ്യം ഇങ്ങനെയാണ് : 

(Left) Man wearing traditional കസവുമുണ്ട് and വേഷ്ടി
(Right) woman wearing traditional കസവു സെറ്റും മുണ്ടും 
Image: Divya Warrier

അസുരരാജാവും വിഷ്ണുഭക്തനുമായ പ്രഹ്ലാദന്റെ കൊച്ചുമകനാണ് മഹാബലി. മഹാബലി രാജാവായപ്പോൾ ആ നാട്ടിലെങ്ങും സുഖവും സന്തോഷവും മാത്രമായിരുന്നു. കള്ളന്മാരോ കൊള്ളക്കാരോ ഉണ്ടായിരുന്നില്ല. മഹാബലിയുടെ പ്രശസ്തിയിൽ അസൂയാലുക്കളായ ദേവന്മാർ അദ്ദേഹത്തെ ഇല്ലായ്മചെയ്യാനുള്ള തന്ത്രങ്ങൾ ആലോചിച്ചു. അവസാനം വിഷ്ണുഭഗവാന്റെ അടുക്കൽ എത്തി ബലിയെ പരീക്ഷിക്കണം എന്ന് അഭ്യർഥിച്ചു. വാമനനായി ഭൂമിയിലെത്തിയ വിഷ്ണു, മഹാബലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. അതെടുത്തുകൊള്ളാൻ മഹാബലി അനുവദിക്കുകയും ചെയ്തു. അതോടെ ആകാശത്തോളം വളർന്ന വാമനൻ ആദ്യത്തെ ഒരടികൊണ്ട് ഭൂമിയും രണ്ടാമത്തെ അടികൊണ്ട് ആകാശവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലം ഇല്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. അങ്ങനെ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയക്കുകയാണ്. എന്നാൽ വാമനന്റെ ഭക്തിയിൽ സന്തുഷ്ടനായ വിഷ്ണു അദ്ദേഹത്തിന് തന്റെ ജനങ്ങളെ എല്ലാവർഷവും സന്ദർശിക്കാൻ വരം നൽകി. മഹാബലിയുടെ ദുരഭിമാനം തീർക്കാനാണ് വാമനൻ എത്തിയതെന്നും കഥയുണ്ട്. എല്ലാവർഷവും മഹാബലിയുടെ സന്ദർശനം ആഘോഷിക്കുന്നത് ഓണത്തിനാണെന്നാണ് ഐതിഹ്യം. 

Man and woman sitting cross-legged (ചമ്രംപടഞ്ഞിരിക്കുക) wearing traditional Onam clothes.
Image credit: Divya Warrier

ഓണത്തിന് പ്രധാനം അത്തപ്പൂക്കളവും സമൃദ്ധമായ സദ്യയുമാണ്. കൂടാതെ വിവിധതരത്തിലുള്ള ഓണക്കളികളും ഉണ്ട്. തുമ്പിതുള്ളൽ, കൈകൊട്ടിക്കളി, പുലികളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, വള്ളംകളി, വടംവലി എന്നിവ അവയിൽ പ്രധാനങ്ങളാണ്.

അത്തപ്പൂക്കളം ഓണാഘോഷത്തിന്റെ ഒരു പ്രധാന ഇനം ആണ്. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ പത്തുദിവസം വരെ എല്ലാ ദിവസവും പൂക്കളം ഇടണം. ആദ്യ ദിവസം ഒരു തരത്തിലുള്ള പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. രണ്ടാം ദിവസം രണ്ടുതരത്തിലുള്ള പൂക്കളാണ്. ആദ്യത്തെ രണ്ടു ദിവസം ചുവന്ന നിറത്തിലുള്ള പൂക്കൾ ഉപയോഗിക്കാറില്ല.  മൂന്നാം ദിവസമായ ചോതി നാൾ മുതലാണ് ചെമ്പരത്തിപ്പൂക്കൾ (ഇവക്ക് ചുവന്ന നിറമാണ്) ഉപയോഗിച്ചു തുടങ്ങുന്നത്. 

പ്രധാന ദിവസമായ തിരുവോണത്തിന് എല്ലാവരും രാവിലെ കുളിച്ച് കോടിവസ്ത്രം ധരിക്കുന്നു. സ്ത്രീകൾ കസവു സെറ്റും മുണ്ടും അല്ലെങ്കിൽ കസവു സാരിയും ധരിക്കുന്നു. പുരുഷന്മാർ കസവുമുണ്ടും വേഷ്ടി അല്ലെങ്കിൽ ഷർട്ടും ധരിക്കുന്നു. കുട്ടികൾ കുട്ടിമുണ്ടും ഷർട്ടും കസവിന്റെ ഉടുപ്പും ഒക്കെയാണ് ധരിക്കാറുള്ളത്. 

An Onam feast (സദ്യ) placed on a plantain leaf (തൂശനില)
Image: Reshmi.vm

അടുത്ത പ്രധാന ഇനം ഓണസദ്യയാണ്. തറയിൽ ചമ്രംപടഞ്ഞിരുന്ന് നല്ല തൂശനിലയിൽ ആണ് സദ്യ ഉണ്ണുന്നത്. ചോറിന് കറിയായി പരിപ്പും സാമ്പാറും കാളനും പച്ചമോരും പ്രധാനമാണ്. ഇലയുടെ വശങ്ങളിൽ പച്ചടി, കിച്ചടി, എരിശ്ശേരി, അവിയൽ, പലതരത്തിലുള്ള തോരൻ, അച്ചാറുകൾ, ഇഞ്ചിക്കറി, ഉപ്പേരികൾ, പപ്പടം, പഴം എന്നിവ ഉണ്ടാകും. ഏറ്റവും അവസാനമാണ് പായസം വിളമ്പുന്നത്. അടപ്രഥമനാണ് പ്രധാന പായസം.

സദ്യക്കുശേഷം ഓണക്കളികളാണ്. ഓണപ്പാട്ടുകൾ പാടിക്കൊണ്ടാണ് ഓണക്കളികൾ തുടങ്ങുന്നത്. ഓണത്തിന്റെ പ്രാധാന്യം കാണിച്ചുതരുന്ന പ്രശസ്തമായ ഓണപ്പാട്ട് ഇതാണ് :

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

കൂടാതെ, ഓണവുമായി ബന്ധപ്പെട്ട് നിരവധി ചൊല്ലുകൾ ഇന്നും പണ്ടത്തെപോലെതന്നെ നിലനിൽക്കുന്നുണ്ട്. അവയിൽ പ്രചാരത്തിലുള്ളവ  ഇവയാണ് :

“കാണം വിറ്റും ഓണം ഉണ്ണണം.” 

“ഉള്ളതുകൊണ്ട് ഓണം പോലെ.”

“ഉണ്ടെങ്കിൽ ഓണം പോലെ അല്ലെങ്കിൽ ഏകാദശി.” 

“ഓണം കേറാ മൂല.” 

“ഓണത്തിനിടക്കാണോ പുട്ടുകച്ചോടം?”

“ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി.”

WordPart of SpeechDefinition
ദേശീയ(adjective)local, national
വിളവെടുപ്പ്(noun)harvest
ഐതിഹ്യം(noun)legend
അസുരൻ(noun)demon
കൊച്ചുമകൻ(noun)grandson
കള്ളൻ(noun)thief, liar
കൊള്ളക്കാരൻ(noun)robber
പ്രശസ്തി(noun)fame
അസൂയ(noun)jealousy
തന്ത്രം(noun)trick
ആലോചിക്കുക(verb)to think, to devise
അടുക്കൽ(adverb)near, next to
പരീക്ഷിക്കുക(verb)to test
അഭ്യർഥിക്കുക(verb)to request
അടി(noun)footstep
മണ്ണ്(noun)earth, soil
ആവശ്യപ്പെടുക(verb)to ask for, to demand
അനുവദിക്കുക(verb)to agree
ആകാശം(noun)sky
വളരുക(verb)to grow
ഭൂമി(noun)earth
അളന്നെടുക്കുക(verb)to measure out and take; അളക്കുക (to measure) + എടുക്കുക (to take)
സ്ഥലം(noun)place
ശിരസ്സ്(noun)head
പാതാളം(noun)hell
സന്തുഷ്ടൻ(noun)satisfied person (masculine); സന്തുഷ്ട (feminine)
സന്ദർശിക്കുക(verb)to visit
വരം(noun)promise, vow
ദുരഭിമാനം(noun)vanity, false pride
അത്തപ്പൂ / അത്തപ്പൂവ്(noun)a design made of flowers on the ground
സമൃദ്ധമായ(adjective)expansive, abundant
സദ്യ(noun)feast
വിവിധത്തരം(noun)various kinds
ഇനം(noun)kind, aspect
അത്തം നാൾ(noun)a particular star called “Attam”; നാൾ = star
ഇടുക(verb)to put
ഒരു/രണ്ടു തരത്തിലുള്ള(adjective)of the first/second kind
ഉപയോഗിക്കുക(verb)to use
ചുവന്ന(adjective)red
നിറം(noun)color
ചോതി നാൾ(noun)a particular star called “Chothi”; നാൾ = star
ചെമ്പരത്തിപ്പൂ(noun)hibiscus flower
തുടങ്ങുക(verb)to start, to begin
കുളിക്കുക(verb)to bathe
കോടിവസ്ത്രം(noun)brand new clothes
ധരിക്കുക(verb)to wear
കസവ്(noun)gold thread used for embroidery
മുണ്ട്(noun)mundu or dhoti; a long loincloth
സാരി(noun)sari
ഉടുപ്പ്(noun)garment
തറ(noun)floor
ചമ്രംപടഞ്ഞിരിക്കുക(verb)to sit cross-legged
തൂശനില(noun)plantain leaf
ഉണ്ണുക(verb)to eat
ചോറ്(noun)boiled rice
കറി(noun)curry
പരിപ്പ്(noun)lentils, daal
സാമ്പാർ(noun)sambar
കാളൻ(noun)a curry made from curd
പച്ചമോർ(noun)buttermilk
ഇല(noun)leaf
വശം(noun)side
പച്ചടി(noun)pachadi; a sour curry side dish
കിച്ചടി(noun)kichadi; a sour curry side dish with beetroot
എരിശ്ശേരി(noun)erissery; a thick curry side dish made with chickpeas
അവിയൽ(noun)aviyal; a thick curry side dish with many vegetables and coconut
തോരൻ(noun)thoran; a vegetable preparation
അച്ചാർ(noun)pickle
ഇഞ്ചി(noun)ginger
ഉപ്പേരി(noun)fried chips; usually made of banana or tubers
പപ്പടം(noun)pappadam; fried or heated seasoned flatbread
പഴം(noun)banana, fruit
പായസം(noun)payasam; a pudding dessert dish
വിളമ്പുക(verb)to serve
അടപ്രഥമൻ(noun)adapradhaman; a pudding dessert dish made with flat rice noodles
ശേഷം(adverb)after
പാടുക(verb)to sing
പ്രാധാന്യം(noun)importance
പ്രശസ്തമായ(adjective)famous, renowned
ബന്ധപ്പെട്ട്(adjective)related
നിരവധി(adjective)several, many
ചൊല്ല്(noun)proverb, saying
പണ്ടം(noun)jewelry
നിലനിൽക്കുക(verb)to exist
പ്രചാരം(noun)use